Wednesday, July 31, 2013

ഒരു ഓര്മക കുറിപ്പ്




കടലോളം സ്നേഹം കൊണ്ട് നടന്നിരുന്നു ഉള്ളില്‍ എന്റെ ശിഹാബ് തങ്ങള്‍,,
ആ പുഞ്ചിരി  ആശ്വാസമായിരുന്നു എന്നും ഞങ്ങള്‍ക്ക്,,,
തണലായിരുന്നു പതിനായിരങ്ങള്‍ക്,,
പ്രതീക്ഷയായിരുന്നു സമുദായത്തിന്,,

ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ല ആ പൂനിലാവ്‌ മാഞ്ഞു പോയി എന്ന്.
ഇല്ല മനസ്സില്‍ നിറ നിലാവായി കാത്തിടുന്നു എന്നും ആ പൂമുഖം.

ആദ്യമായി കൊടപ്പനക്കല്‍ വീട്ടില്‍ കയറിചെല്ലുന്നത്‌ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍കുന്നു,
പത്തൊന്‍പതു കൊല്ലം മുമ്പ് ഒരു നോമ്പ് കാലം ഞായറാഴ്ച,

പെട്ടെന്ന് തോന്നിയതായിരുന്നു പാണക്കാട്ട് പോവാന്‍, മനസ്സില്‍ തോന്നിയത് സുഹൃത്ത് ഷാനവാസിനോട് പറഞ്ഞു, അവനു സംശയം തങ്ങളുണ്ടാകുമോ അവിടെ, ഇല്ലെങ്കിലും വീട് ഒന്ന് കണ്ടു വരാം എന്ന് തീരുമാനിച്ചു അവസാനം.
ഉച്ച കഴിഞ്ഞു മൂന്നു മണി നേരം, കൊടപ്പനക്കല്‍ മുറ്റത്തും വരാന്തയിലും ആളുകള്‍ കുറവ്, മനസ്സില്‍ കരുതി ഇല്ല തങ്ങള്‍ സ്ഥലത്തില്ല, തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ചോദിച്ചു എന്താ ആരെ കാണാനാ, വെറുതെ വന്നതാണെന്ന് പറഞ്ഞപ്പോള്‍,ആ മനുഷ്യന്‍ അടുത്ത് വന്നു അകത്തേക്ക് കൂട്ടികൊണ്ട് പോയി. തങ്ങളെ കാണാതെ പോകണ്ട അകത്തുണ്ട്, അകത്തെ ഒരു മുറിയില്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു.
ഒന്ന് രണ്ടു മുതിര്‍ന്ന ആളുകളും ഉണ്ട് അപ്പോള്‍ അവിടെ.
എന്തിനു വന്നു എന്ന് ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ.അസര്‍ ബാങ്ക് വിളിക്കുന്ന സമയത്ത് തങ്ങള്‍ കടന്നു വന്നു.
പാണക്കാട്ട് തങ്ങള്‍ എന്ന യുഗ പുരുഷന്‍ അടുത്ത് നില്കുന്നു,
കണ്ടിട്ടുണ്ട് ഒരുപാട് തവണ പക്ഷെ ഇത്ര അടുത്ത് ആ ശരീരത്തോട് തൊട്ടു നില്കുന്നു. വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല അപ്പോഴും.  തോളില്‍ കൈവെച്ച് തങ്ങള്‍ ചോദിച്ചു എവിടെന്നാണ്. കോട്ടക്കലില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ കോട്ടക്കലില്‍ എവിടെ എന്നായി.

ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു ഞങ്ങള്‍.പക്ഷെ ഒരിക്കലും ചോദിച്ചില്ല എന്തിനു വന്നു എന്ന്,
പിന്നെയും പഠനത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് ചോദിച്ചു, കുറെ നേരം ഞങ്ങളോട് സംസാരിക്കാന്‍ സമയം കണ്ടെത്തി അദ്ദേഹം.
അപ്പോഴേക്കും കുറച്ചു ആളുകള്‍ വന്നു,ഞങ്ങളോട് പറഞ്ഞു പോകരുത് ഒരു കാര്യമുണ്ട്.
നേരം വൈകുന്നു ഞങ്ങള്‍ അസ്വസ്ഥരായി, വീട്ടില്‍ പറഞ്ഞിട്ടില്ല, നോമ്പ് തുറക്കാന്‍ വീട്ടിലെത്തണം.
ഒരാള്‍ വന്നിട്ട് പറഞ്ഞു ഇവിടെനിന്നും നോമ്പ് തുറന്നിട്ട്‌ പോയാല്‍ മതി എന്ന് പറഞ്ഞു ത്ങ്ങളുപ്പാപ്പ.
ഒരു മഹാ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്.എന്ത് ചെയ്യണം,
ഷാനവാസ്‌ പറഞ്ഞു നേരം വൈകി നോമ്പ് തുറക്കാന്‍ വീട്ടിലെത്തില്ല ഇവിടെ കൂടാം ഈ അവസരം ഇനി കിട്ടിയില്ല എന്ന് വരും.
അന്ന് ആദ്യമായി പാണക്കാട് കൊടപ്പനക്കല്‍ വീട്ടില്‍ ഞങ്ങള്‍ നോമ്പ് തുറന്നു.
ഓരോരുത്തരെയായി വീട്ടുകാരെയും അവിടെയുണ്ടായിരുന്നവരെയും ഞങ്ങള്ക് പരിചയപ്പെടുത്തി തന്നു, ആദ്യമായി റഹീം മേചെരിയെ കാണുന്നത് അവിടെ വച്ചായിരുന്നു.

നോമ്പ് തുറന്നു നിസ്കാരവും കഴിഞ്ഞു ഞങ്ങള്‍ പോരുമ്പോള്‍,അടുത്തു വിളിച്ചു തങ്ങള്‍ കുറച്ചു കാരക്കയും അണ്ടിപരിപ്പും കയ്യില്‍ തന്നിട്ട് പറഞ്ഞു, വരണം ഇപ്പോഴും,
മതിയായിരുന്നു ഞങ്ങള്‍ക്ക് ആ വാക്കുകള്‍.
പിന്നെയും പലതവണ പാണക്കാട് പോയി,പകലിലും പാതിരാത്രിയിലും. ആ സ്നേഹം ആ പരിഗണന അത് പൂകോയ തങ്ങളുടെ മക്കളില്‍ നിന്ന് മാത്രമേ ലഭിക്കൂ.
അഭിമാനത്തോടെ ഇന്നും ഓര്‍കുന്നു ആദ്യത്തെ ആ കൂടിക്കാഴ്ച.

കഴിഞ്ഞ വര്‍ഷം ലീവിന് നാട്ടില്‍ പോയപ്പോള്‍ ഷിഹാബു തങ്ങളുടെ ഖബറിടം സന്ദര്‍ശിച്ചു.
കൊടപ്പനക്കല്‍ വീടിന്‍റെ കോലായില്‍ ഞാനെന്‍റെ മുത്ത്‌ ശിഹാബ് തങ്ങളെ കണ്ടില്ല, പകരം അനേകായിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന, സാന്ത്വനത്തിന്‍റെ തലോടല്‍ നല്‍കിയ ആ മഹാ മനുഷ്യന്‍റെ വട്ടമേശക്കരികില്‍ പുത്രന്‍ മുനവര്‍ അലി തങ്ങളിരിക്കുന്നു. ആ തിരക്കിനിടയിലും അടുത്തു വന്നു സംസാരിച്ചു , പരിചയം പുതുക്കി പിതാവിനെ കുറിച്ച് സംസാരിച്ചപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും.
ആ പടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു അന്ന് ആ നോമ്പ് കാലത്ത് ആദ്യമായി അവിടെ ചെല്ലുമ്പോള്‍, അടുത്ത് വന്നു എന്‍റെ കൈ മുറുക്കി പിടിച്ച ആ രംഗം.സംസാരിക്കുമ്പോള്‍ എന്‍റെ തലയില്‍ കൈ വെച്ചതും.
കൂടുതല്‍ ഒന്നിനും കഴിയുന്നില്ല കണ്ണ് നിറയുന്നു ,,,,

റബ്ബേ നീ ആ മഹാനുഭാവന്‍റെ കൂടെ പരലോകത്തും ഞങ്ങള്‍ക്ക് നന്മ വരുത്തേണമേ.